ഏകാന്തതയെ പ്രണയിച്ചിരുന്ന അല്ലാഹുവിന്റെ ആരിഫീങ്ങളിൽ പ്രമുഖനായിരുന്നു ശഹീദെ അഅ്സം സുൽത്താനുൽ മുജാഹിദീൻ അബുൽ ഫത്ഹ് ഫതഹ് അലി ടിപ്പു സുൽത്താൻ. ആകസ്മികമായാണ് സുൽത്താൻ ഭരണസാരഥ്യത്തിലേക്ക് എത്തിപ്പെടുന്നത്. സുൽത്താൻ മാത്രമല്ല, സുൽത്താന്റെ അഭിമാന ഭാജനമായ പിതാവും മൈസൂർ രാജാവിന്റെ കേവലമൊരു കുതിര പടയാളിയുമായിരുന്ന ഹൈദരലി ഖാൻ അവിചാരിതമായാണ് മൈസൂർ സുൽത്താനായി അവരോധിക്കപ്പെട്ടത്.
അതി വിസ്മയകരമാണ് ഹൈദരലി ഖാൻ കുടുംബത്തിന്റെ ഭരണ നിയന്ത്രണത്തിലേക്കുള്ള അവരോഹണ ഘട്ടം. ഉപജാപക സംഘത്തെ സൃഷ്ടിക്കാതെ, നിലവിലെ മൈസൂർ രാജ കുടുംബത്തിനെതിരെ കൊട്ടാര വിപ്ലവം സൃഷ്ടിക്കാതെ, ഒരു മർത്യന്റെ പോലും ഒരു തുള്ളി രക്തം ചിന്താതെ മൈസൂർ സാമ്രാജ്യത്തിന്റെ അധിപനായി വാണ ദേശസ്നേഹിയും പ്രതാപിയും പ്രജാതൽപരരുമായ പിതാവിന്റെയും പുത്രന്റെയും അധികാരോഹണങ്ങൾ, ചരിത്ര കുതുകികൾക്കും രാഷ്ട്രമീംമാസകർക്കും എന്നും പ്രഹേളികയായി നിലകൊള്ളുന്ന ചരിത്ര കൗതുകവും കൂടിയാണ്.
മൈസൂർ ദേവനഹള്ളിയിൽ 1750 നവംബർ 20 (ഹിജ്റ 1163 ദുൽഹജ്ജ് 20)ന് വെള്ളിയാഴ്ച്ച മഹാനായ വീരശൂരർ ബാബാ ജാൻ ഹൈദരലി ഖാന്റെയും ഫാത്തിമ ബീഗത്തിന്റെയും സീമന്ത പുത്രനായി ഫതഹ് അലി ടിപ്പു സുൽത്താൻ ഭൂജാതനായി.
വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ സന്താനഭാഗ്യം ലഭിക്കാതിരുന്ന ഈ ദമ്പതികൾ, തമിഴ്നാട്ടിലെ വെല്ലൂരിനടുത്ത് ആർക്കോട്ടിൽ അക്കാലത്ത് ജീവിച്ചിരുന്ന വലിയ്യും മജ്ദൂബുമായിരുന്ന "സച്ചൽ ഫഖീർ ടിപ്പു മസ്താൻ വലിയ്യ് "(ഖ.സി) മഹാനവർകളെ കുറിച്ച് കേൾക്കാനിടയായി.
മൈസൂർ കൃഷ്ണ രാജാ വോഡയാർ രാജാവിന്റെ അശ്വസേനയുടെ സൈന്യാധിപ സ്ഥാനത്തേക്ക് ഉയർന്ന ഹൈദരലി ഖാന്, മൈസൂർ രാജകൊട്ടാരത്തിലും ഭരണ തലത്തിലും രാജാവകാശികൾ തമ്മിൽ ഉടലെടുത്ത തർക്കങ്ങളിലും ഭിന്നതകളിലും നിരന്തരം ഇടപെടേണ്ടി വന്നതിനാൽ ആർക്കോട്ടെ ടിപ്പു മസ്താൻ വലിയ്യുള്ളാഹി (ഖ.സി) തങ്ങളെ നേരിട്ട് ചെന്ന് കണ്ട് ദുആ ചെയ്യിപ്പിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായില്ല. അതിന്നിടയിൽ വലിയ്യവർകൾ വഫാത്താകുകയാണുണ്ടായത്. സന്താന സൗഭാഗ്യത്തിന്ന് ഏറെ ആശിച്ച ഫാത്തിമ ബീഗത്തിന്ന് ഒരു ഫഖീറിൽ നിന്ന് ലഭിച്ച ഉപദേശമായിരുന്നു ടിപ്പു മസ്താൻ വലിയ്യുള്ളാഹി (ഖ.സി) തങ്ങളെ നേരിട്ടു ചെന്ന് ദുആ ചെയ്യിപ്പിക്കാനുള്ള നിർദ്ദേശം.
ഫാത്തിമ ബീഗത്തിന്റെ നിരന്തര സമ്മർദ്ദം നിമിത്തം, ഹൈദരലി ഖാനും പ്രിയ പത്നിയും പരിചാരകരും അനുചരന്മാരുമായി വലിയൊരു വ്യൂഹമായാണ് ടിപ്പു മസ്താൻ (ഖ.സി) തങ്ങളുടെ മഖ്ബറ സിയാറത്തിന്നായി ആർക്കോട്ടേക്ക് പുറപ്പെട്ടത്. സിയാറത്തും രിയാളകളുമായി കുറച്ചധികം ദിവസം തന്നെ മഖ്ബറയിൽ ചെലവഴിക്കാനുള്ള ഉദ്ദേശവുമായി വന്ന സംഘത്തിൽ നിന്ന്, മൈസൂർ രാജകൊട്ടാരത്തിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈദരലി ഖാനും കൂടെ പകുതി പേരും മൂന്നാം ദിവസം തന്നെ മൈസൂരിലേക്ക് യാത്ര തിരിക്കുകയുണ്ടായി. ബീവി ഫാത്തിമ ബീഗവും പരിചാരകരും ഏതാനും സൈന്യങ്ങളും തുടർന്ന് ഏഴുദിവസം വരെ മഖ്ബറയിൽ ഇബാദത്തിലായി വസിക്കുകയാണുണ്ടായത്.
അക്കാലത്ത് ടിപ്പു മസ്താൻ (ഖ.സി) വലിയ്യവർകളുടെ ഖാദിമായിരുന്ന ചെറുപ്പക്കാരനും മജ്ദൂബുമായ ഒരു മസ്താൻ എപ്പോഴും ദർഗക്കകത്തുണ്ടായിരിക്കും. അദ്ദേഹം സംസാരിക്കുന്നത് തന്നെ വളരെ അപൂർവ്വമായിരുന്നു. അത്യപൂർവ്വമായി മാത്രമേ ദർഗയിൽ നിന്ന് പുറത്തേക്ക് പോയിരുന്നുള്ളു. അദ്ദേഹത്തിന്, അന്നാട്ടിലെ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം കൊണ്ട് ചെന്ന് കൊടുത്താൽ തന്നെ, അവ സ്വീകരിച്ച് അതിൽ നിന്ന് ഒന്നും തന്നെ ഭക്ഷിക്കാതെ പക്ഷികൾക്കും മൃഗങ്ങൾക്കും കൊണ്ട് പോയി കൊടുക്കലായിരുന്നു പതിവ്. ചിലപ്പോൾ തികച്ചും മജ്നൂനിന്റെ അവസ്ഥ പ്രകടിപ്പിച്ചിരുന്ന മസ്താനെ ആർക്കോട്ടെ ജനങ്ങൾക്ക് വലിയ ഭയമായിരുന്നു.
ഫാത്തിമ ബീഗവും സംഘവും വന്നതിന്റെ ഏഴാം ദിവസം പകലിൽ മഖ്ബറക്കകത്തു നിന്ന് പുറത്തേക്ക് വന്ന മജ്ദൂബായ ആ യുവാവ്, ഫാത്തിമ ബീഗത്തിന്റെ സമീപത്ത് വന്ന് നിങ്ങൾക്കൊരു ആൺകുഞ്ഞ് ജനിക്കുമെന്നും ആ കുഞ്ഞിന് "ടിപ്പു സുൽത്താൻ" എന്ന് പേരു വിളിക്കണമെന്നും കുഞ്ഞിനെ ആരിഫായി വളർത്താൻ വാഗ്ദത്തം ചെയ്യണമെന്നും നിർദ്ദേശിക്കുകയും, തുടർന്ന് സ്വദേശത്തേക്ക് തന്നെ തിരിച്ചു പോകാൻ ഉപദേശിക്കുകയും ചെയ്തു. ഇതിന് ശേഷം ഫാത്തിമ ബീഗവും സംഘവും മൈസൂരിലേക്ക് തന്നെ തിരിച്ചു പോകുകയുണ്ടായി.
അധികം താമസിയാതെ ഫാത്തിമ ബീഗം ഗർഭിണിയാവുകയും ഔലിയാക്കളിലെ സുൽത്താനും ലോകം കണ്ട വീരശൂരരും പുരോഗമന വികസന നായകരും ധീര ദേശ സ്നേഹിയുമായ ശഹീദെ അഅ്സം ടിപ്പു സുൽത്താൻ ഫതഹ് അലി അവർകൾക്ക്, ആ മഹത്വ മഹതി ഫാത്തിമ ബീഗം ജന്മം നൽകി. ആർക്കോട്ട് "സച്ചൽ ഫഖീർ ടിപ്പു മസ്താൻ വലിയ്യ് " (ഖ.സി) അവർകളുടെ മഖ്ബറയിൽ വെച്ച്, മജ്ദൂബായ യുവാവിനോട് വാഗ്ദത്തം ചെയ്ത പ്രകാരം "ടിപ്പു സുൽത്താൻ" എന്ന് പേര് വിളിക്കുകയും അധ്യാപന സമയമായപ്പോൾ സൂഫിയും പണ്ഡിതനുമായിരുന്ന മൗലാനാ ഉബൈദുള്ള മൗലവിയുടെ അടുക്കലേക്ക് വിശുദ്ധ ദീനിന്റെ പഠനത്തിനായി പുത്രനെ നിയോഗിക്കുകയും ചെയ്തു.
സുൽത്താന്റെ പിറവിയോടു കൂടി ഹൈദരലി ഖാന്ന് മൈസൂർ രാജഭരണത്തിൽ അടിക്കടി ഉദ്യോഗയുയർച്ച കൈവന്നുകൊണ്ടിരുന്നു. വെറുമൊരു കുതിര പടയാളിയായിരുന്ന പിതാവ്, ടിപ്പു സുൽത്താൻ അവർകളുടെ ആഗമനത്തിന് ശേഷം മൈസൂർ സൈന്യങ്ങളുടെ സർവ്വസൈന്യാധിപനും തുടർന്ന് മന്ത്രിയും പ്രധാനമന്ത്രിയും അവസാനം മൈസൂർ സാമ്രാജ്യത്തിന്റെ അജയ്യനായ ബാദുഷയുമാകുന്ന ചരിത്രം ഏറെ വിസ്മയകരവും അതുല്യവുമായി ലോക ചരിത്രത്തിൽ പരിലസിക്കുന്ന കാഴ്ച്ച ഏറെ ചർച്ച ചെയ്യപ്പെട്ടതുമാണ്.
സൈന്യത്തിലുണ്ടായിരുന്ന സഹപ്രവർത്തകർ, മോൻ സുൽത്താനും പിതാവ് വെറുമൊരു കുതിര പട്ടാളക്കാരനുമെന്ന് മകന്റെ പേരിലുള്ള സുൽത്താനെന്ന നാമമെടുത്ത് കളിയാക്കിയിരുന്നുവെത്രെ.
ടിപ്പു സുൽത്താന്റെ കുടുംബ പരമ്പര ചെന്നെത്തുന്നത് ഹിജാസിലേക്കാണ്. അറബി വംശ പരമ്പരയിലൂടെ കടന്ന് പോകുന്ന പിതാമഹന്മാർ സയ്യിദുനാ ഉമർ ഇബ്നുൽ ഖതാബ് (റ)ന്റെ വംശക്കാരാണെന്നും അതല്ല സയ്യിദുനാ ഉസ്മാൻ ഇബ്നുൽ അഫ്ഫാൻ (റ)ന്റെ വംശക്കാരാണെന്നും പറയപ്പെടുന്നു. പക്ഷെ ഒന്നിനും വ്യക്തമായ തെളിവുകളൊ രേഖയോ വംശപരമ്പര വ്യക്തമാക്കുന്ന കുടുംബ ശൃംഖലയുടെ സിൽസിലകളൊ ലഭിച്ചിട്ടില്ല.
മക്കയിൽ നിന്ന് പഞ്ചാബിൽ എത്തുകയും ശേഷം ഒരു പിതാമഹൻ അജ്മീറിൽ വരുകയും, അവിടെ അജ്മീർ ഖാജയുടെ കുടുംബവുമായി ബന്ധപ്പെട്ട് വിവാഹജീവിതം നയിക്കുകയും ശേഷം അവരിൽ നിന്ന് ഒരു പിതാമഹൻ "ശൈഖ് വലി മുഹമ്മദ്" അജ്മീറിൽ നിന്ന് കർണ്ണാടകയിലെ ഗുൽബർഗിൽ വന്ന് താമസമാക്കുകയും ചെയ്ത കുടുംബ വിവരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.
ഗുൽബർഗിൽ നിന്നുള്ള പിതാമഹന്റെ പിൽക്കാല പേരമകനായാണ് അഭിമാന ഭാജനമായ ശഹീദെ അഅ്സം ടിപ്പു സുൽത്താൻ അവർകളുടെ പിറവി. ചരിത്രകാരന്മാർ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ചരിത്രകാരന്മാരാകട്ടെ അഫ്ഗാനികളാണ് സുൽത്താന്റെ പിതാമഹന്മാരെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചുരുക്കം ചില ചരിത്രകാരന്മാർ പഞ്ചാബി വംശജരാണെന്ന അഭിപ്രായവും രേഖപ്പെടുത്തിയത് കാണാം. ഇംഗ്ലീഷ്കാരും ഇന്ത്യൻ ചരിത്രകാരന്മാരിൽ നിന്ന് ചുരുക്കം ചിലർ ഒഴിച്ച് ബാക്കി എതാണ്ട് ഭൂരിഭാഗം ചരിത്രകാരന്മാരും യഥാർത്ഥ അറബി വംശജരും ഖുറൈശി ഗോത്രവുമാണന്നതിൽ ഏകോപിതരുമാണ്.
മഹ്‌മൂദ് ഖാൻ മഹ്‌മൂദ് ബാoഗ്ലൂരി രചിച്ച സവിസ്താരമായ "സൽത്തനത്ത് ഖുദാ ദാദ" യിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശൈഖ് വലീ മുഹമ്മദ് എന്നവർ കുടുംബസമേതം പഞ്ചാബിൽ നിന്ന് ഗുൽബർഗിൽ വന്ന് സ്ഥിരതാമസമാക്കുകയും അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് അലി, ചിശ്തി സൂഫി സരണിയെ തെക്കേ ഇന്ത്യയിൽ വ്യാപകമായി പ്രചരിപ്പിച്ച അൽ-ഖുതുബുൽ ബന്തേ നവാസ് ഗൈസു ദിറാസ് സയ്യിദുനാ അസ്സയ്യിദ് മുഹമ്മദ് ഹുസൈനി ഗുൽബർഗ് അവർകളുടെ ദർഗ്ഗയുടെ മുതവല്ലിയുടെ പുത്രിയെയാണ് വിവാഹം ചെയ്തത്.
ഡല്‍ഹിക്ക് ആത്മീയ പ്രഭ സമ്മാനിച്ച പ്രമുഖ സൂഫി വര്യനും സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ ഗരീബ് നവാസ് മുഈനുദ്ധീന്‍ ചിശ്തി അജ്മീരി (ഖ.സി)ന്‍റെ ചിശ്തി സരണിയിലെ ആത്മീയ പ്രതിനിധി പരമ്പരയിലെ പ്രമുഖരില്‍ മൂന്നമാനുമായ ഹസ്‌റത്ത് ഖാജാ നിസാമുദ്ദീന്‍ വലിയുല്ലാഹി ദഹ്‌ലവിയുടെ ആത്മീയ പ്രതിനിധി ഹസ്‌റത്ത് നാസിറുദ്ദീന്‍ ചിറാഗ് ദഹ്‌ലവിയാണ് അൽ-ഖുതുബുൽ ബന്തേ നവാസ് ഗൈസു ദിറാസ് സയ്യിദുനാ അസ്സയ്യിദ് മുഹമ്മദ് ഹുസൈനി ഗുൽബർഗിയെ ആത്മീയ സരണിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്.
ശൈഖ് വലീ മുഹമ്മദ് എന്നവർക്ക് പ്രസ്തുത ദാമ്പത്യത്തിൽ ശൈഖ് മുഹമ്മദ് ഇൽയാസ്, ശൈഖ് അലി മുഹമ്മദ്, ശൈഖ് മുഹമ്മദ് ഇമാം, ശൈഖ് ഫതഹ് മുഹമ്മദ് എന്നീ പുത്രന്മാർ ജനിച്ചു. ഇവരിൽ ഇളയ പുത്രൻ ശൈഖ് ഫതഹ് മുഹമ്മദിന്റെ മൂന്ന് മക്കളിൽ ഇളയ പുത്രനാണ് സുൽത്താൻ ഹൈദരലി ഖാൻ, ഇദ്ദേഹത്തിന്റെ രണ്ടു ആൺ മക്കളിൽ സീമന്ത പുത്രനായിരുന്നു ലോകത്തെ ഇന്നും വിസ്മയിപ്പിക്കുന്ന ശഹീദെ അഅ്സം സുൽത്താനുൽ മുജാഹിദീൻ അബുൽ ഫത്ഹ് ഫതഹ് അലി ടിപ്പു സുൽത്താൻ.
ചില ചരിത്ര ഗ്രന്ഥങ്ങളിൽ ബഗ്ദാദിൽ നിന്നാണ് മഹാനവർകളുടെ പിതാമഹന്മാർ ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ചേർന്നതെന്നും കാണാം.
മക്കയിൽ നിന്ന് പ്രയാണം ആരംഭിച്ച് വിവിധ കാലഘട്ടങ്ങളിലും വൈവിധ്യങ്ങളായ രാജ്യങ്ങളിൽ നിന്നുമെല്ലാം കണ്ണി കണ്ണികളായി കർണ്ണാടകയിലെ ദേവനഹള്ളിയിൽ എത്തിച്ചേർന്ന് സ്ഥിരതാമസമാക്കിയ കണ്ണിയിലെ ശഹീദെ അഅ്സം ടിപ്പു സുൽത്താൻ വരെയുള്ള മഹത്തായ ഈ കുടുംബ പരമ്പരയിൽ ഒട്ടുമിക്ക പേരും പണ്ഡിതന്മാരും സൂഫികളുമായിരുന്നു.
സുൽത്താന്റെ പിതാമഹന്മാർ എത്തിച്ചേർന്നിരുന്ന ഓരോ പ്രദേശങ്ങളിലും അക്കാലങ്ങളിലെ മശായിഖന്മാരും ആരിഫീങ്ങളുമായ സൂഫിയാക്കളുമായി ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു.
പൂർവ്വികരായി തന്നെ ഔലിയാക്കളുമായും അവരുടെ കുടുംബവുമായും ബന്ധം പുലർത്തിയിരുന്നതിന് തെളിവായി ടിപ്പു സുൽത്താന്റെ പിതാമഹൻ ശൈഖ് ഫതഹ് മുഹമ്മദ് എന്നവരുടെ പിതാവ് മുഹമ്മദ് അലിയും, ഗുൽബർഗ് ബന്തേ നവാസിന്റെ ദർഗ്ഗ മുതവല്ലിയുടെ പുത്രിയുമായുള്ള വിവാഹമാണ് ഭൂരിപക്ഷം ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നത്.
ഹൈദരലിഖാൻ - ഫാത്തിമ ബീഗം ദമ്പതികൾക്ക് സന്താന സൗഭാഗ്യത്തിന് താമസം നേരിട്ടപ്പോൾ അവർ പ്രാർത്ഥനാനിരതരായത് ചിശ്തി ത്വരീഖത്തിലെ സമുന്നതനായ ഗുരുവും തമിഴ്നാട് ആർക്കാട്ട് നവാബിന്റെ ശൈഖും മജ്ദൂബുമായിരുന്ന വലിയുള്ളാഹി സച്ചൽ ഫഖീർ ടിപ്പു മസ്താൻ വലിയ്യ് (ഖ.സി) അവർകളുടെ തിരുസന്നിധിയിലാണ് എന്നതും ഖാദിരി, നഖ്ശബന്തി, ചിശ്തി തുടങ്ങിയ ആധ്യാത്മിക സരണികളിലെ മശായിഖന്മാരുമായുള്ള ബന്ധവും സുൽത്താന്റെ കുടുംബം സുന്നി ആശയങ്ങൾ അവലംബിക്കുന്നവരായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും മുജദ്ദിദുമായ ഖുതുബുസ്സമാൻ അശ്ശൈഖ് സയ്യിദ് സൈൻ ഹാമിദ് ചെറുസീതി തങ്ങൾ (ഖ.സി) അവർകളിൽ നിന്നാണ് ടിപ്പു സുൽത്താൻ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്.
1766-ൽ പിതാവ് ഹൈദരലി ഖാനോടൊപ്പം കടത്തനാട് സന്ദർശന വേളയിൽ സയ്യിദ് ചെറുസീതി തങ്ങളുടെ താഴെയങ്ങാടിയിലെ വസതിയിലെത്തി മഹാനവർകളെ കാണുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു എന്ന് രേഖകളിൽ കാണാം.
കേരളത്തിൽ കോഴിക്കോട് സയ്യിദ് ശൈഖ് ജിഫ്രി തങ്ങൾ, കണ്ണൂർ സിറ്റി മൗലാ തങ്ങൾ തുടങ്ങി നിരവധി ആരിഫീങ്ങളായ സാദാത്തീങ്ങളുമായും ഔലിയാക്കളുമായും അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു.
സയ്യിദ് ശൈഖ് ജിഫ്രി തങ്ങളെ സന്ദർശിച്ച വേളയിൽ സുൽത്താൻ ഇരുന്ന പീഠം, ആദര സൂചകമായി ഇന്നും കോഴിക്കോട് ജിഫ്രി ഹൗസ് മഖ്ബറയിൽ സൂക്ഷിച്ചു വരുന്നു.
നിഷ്കളങ്കനും നിസ്വാർത്ഥനുമായ മൈസൂർ സിംഹമെന്ന അപരനാമത്തിൽ വിശ്വ പ്രസിദ്ധരായ ഫതഹ് അലി ടിപ്പു സുൽത്താൻ 1799 മെയ് 4 (ഹിജ്റ ദുൽഖഅദ് 28)ന് ശനിയാഴ്ച മൈസൂർ ശ്രീരംഗപട്ടണത്ത് വെച്ച് ശഹീദായി.