കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ

 അൽ സഖാഫ് ഖബീലയിൽ പെട്ട വടകര താഴെയങ്ങാടിയിലെ, കക്കുന്നത്ത് തറവാട്ടിൽ നിന്ന് ഏകദേശം നൂറ്റി അൻപത് വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിൽ മുമ്പ് കാട്ടിപ്പരുത്തി എന്ന പേരിലറിയപ്പെട്ടിരുന്ന വളാഞ്ചേരിക്കടുത്ത കോട്ടപ്പുറം പ്രദേശവാസികളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് എത്തിച്ചേർന്ന ഉന്നതരായ ആരിഫും അനേകം മഹത്തുക്കളുടെ ആത്മീയ ഗുരുവുമായിരുന്ന വടകര  കക്കുന്നത്ത് അസ്സയ്യിദ് അബ്ദുർറഹ്‌മാൻ സഖാഫ് കോയക്കുഞ്ഞിക്കോയ തങ്ങൾ  അവർകളുടെ അഞ്ചാമത്തെ പുത്രനാണ് വിശ്രൂതരും അഗണ്യ കറാമത്തുകൾക്ക് ഉടമയുമായ കോട്ടപ്പുറത്ത് വലിയ ആറ്റക്കോയ തങ്ങൾ എന്ന പേരിൽ പ്രസിദ്ധരായ സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ്  അവർകൾ. 


സയ്യിദ് ആറ്റക്കോയ തങ്ങൾ അവർകളുടെ ജീവിതാന്ത്യം വരെ ആത്മീയ ദാഹികളുടേയും ഔലിയാക്കളുടേയും സംഗമകേന്ദ്രവും അഗതികളുടേയും അശരണരുടേയും അഭയ കേന്ദ്രവും കൂടിയായിരുന്നു കോട്ടപ്പുറം. 


ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് ഹളർ മൗത്തിൽ നിന്ന് വടകരയിൽ വന്ന് താമസമാക്കിയ ബാ-ഹുസൈൻ സഖാഫ് ഖബീലയിലെ ഖുതുബ് സമാനായി വിരാജിച്ച അസ്സയ്യിദ് സ്വാഹിബുൽ ഖുതുബിസ്സമാൻ ഹുസൈൻ സഖാഫുൽ ഹള്റമിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ് കോട്ടപ്പുറം, കീക്കോട്ട് സാദാത്തീങ്ങൾ. 


കോട്ടപ്പുറം സാദാത്തീങ്ങളുടെ പിതാമഹാനായ അസ്സയ്യിദ് അബ്ദുർറഹ്‌മാൻ ബാ-ഹുസൈൻ സഖാഫ് കോയക്കുഞ്ഞിക്കോയ തങ്ങൾ  വടകര കക്കുന്നത്ത് നിന്ന് കോട്ടപ്പുറം വന്ന് താമസമാക്കി.  ഏകദേശം അതേ കാലയളവിൽ തന്നെ കീക്കോട്ട് അസ്സയ്യിദ് ഹുസൈൻ ബാ-ഹുസൈൻ സഖാഫ് കുഞ്ഞി സീതിക്കോയ തങ്ങൾ  വടകരയുടെ തെക്ക് കിഴക്ക് ഭാഗമായ നടുവണ്ണൂർ കിഴിക്കോട്ട് കടവിൽ നിന്ന് തൃശൂർ ജില്ലയിലെ ചാവക്കാട് വന്ന് സ്ഥിര താമസമാക്കുകയായിരുന്നു. ഇരുവരും പിതൃ സഹോദര ബന്ധത്താൽ സഹോദരങ്ങളാണ്. 


1949 ആഗസ്റ്റ് 18  (ഹിജ്റ 1368 റമളാൻ, 24)ന് വ്യാഴാഴ്ച്ച പകൽ ളുഹാസമയത്ത് കോട്ടപ്പുറത്ത് സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് ആറ്റക്കോയ തങ്ങൾ 

വഫാത്തായി. കോട്ടപ്പുറം മഖാമിൽ പിതാവിന്റെ ഖബറിന് വടക്ക് ഭാഗത്തായി അന്ത്യവിശ്രമം കൊള്ളുന്നു. 


കോട്ടപ്പുറം സയ്യിദ് ആറ്റക്കോയ തങ്ങളുടെ സഹോദരി കടവത്ത് പീടിക തറവാട്ടിലെ സയ്യിദത്ത് മുത്തുബീവിയെ, സയ്യിദ് അബ്ദുള്ള സഖാഫ് തങ്ങളാണ് വിവാഹം ചെയ്തത്. ഈ ദാമ്പത്യ വല്ലരിയിലെ പുത്രി സയ്യിദത്ത് കുഞ്ഞാറ്റ ബീവി, സൂഫിവര്യനും ആത്മീയ ഗുരുവുമായ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ (ഖ.സി) അവർകളുടെ പ്രഥമ പത്നിയാണ്.